കൊൽക്കത്തയിൽ ജനിച്ച ചിത്ര ബാനർജി ദിവാകരുണി, ഓഹിയോവിലെ റൈറ്റ്സ് സ്റ്റേറ്റ് സർവ്വകലാശാലയിൽ നിന്ന് ഇംഗ്ലീഷിൽ മാസ്റ്റേഴ്സ് ബിരുദവും, ബേർക്ക്ലി സർവ്വകലാശാലയിൽനിന്ന് ഡോക്ടറേറ്റും നേടി. വിദ്യാഭ്യാസത്തിന് വേണ്ട ചെലവുകൾക്കായി ആയ, സെയിൽസ് ഗേൾ, ബേക്കറി സഹായി, ലാബറട്ടറിയിൽ ഉപകരണങ്ങൾ കഴുകുന്ന ജോലി എന്നിവ ചെയ്തിരുന്നു. ഇപ്പോൾ പ്രശസ്തമായ ഹൂസ്റ്റൺ സർവ്വകലാശാലയിൽ ക്രിയേറ്റീവ് റൈറ്റിംഗ് പ്രൊഫസർ ആണ്. സ്വന്തം വീടുകളിൽ തന്നെ പീഡനത്തിന് ഇരയാകുന്ന ദക്ഷിണേഷ്യൻ-അമേരിക്കൻ സ്ത്രീകളെ സഹായിക്കുന്നതിനായി രൂപീകരിക്കപ്പെട്ട ഹൂസ്റ്റണിലെ ‘മൈത്രി’, കാലിഫോർണിയയിലെ ‘ദയ’ എന്നീ സംഘടനകളുടെ ഉപദേശക സമിതി അംഗമാണ്. കൂടാതെ, ഇന്ത്യയിലെ നിരാലംബരായ കുട്ടികൾക്ക് സഹായമെത്തിക്കുന്ന ‘പ്രഥം’ എന്ന സംഘടനയുടെ ബോർഡ് അംഗവും. ദ് അറ്റ്ലാന്റിക് മാഗസിൻ, ദ് ന്യൂയോർക്കർ തുടങ്ങി അമ്പതോളം മാസികകളിൽ ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. അവയിൽ പലതും ദ് ബെസ്ററ് അമേരിക്കൻ ഷോർട് സ്റ്റോറീസ്, ഓ ഹെൻറി പ്രൈസ് സ്റ്റോറീസ്, പുഷ്ക്കാർട്ട് പ്രൈസ് ആന്തോളജി എന്നിവയിൽ പുനഃപ്രസിദ്ധീകരിക്കപ്പെട്ടു. ദ ഫോറസ്റ്റ് ഓഫ് എൻചാന്റ്മെന്റ്സ്, ബിഫോർ വി വിസിറ്റ് ഗോഡസ്സസ്, ഡി മിറർ ഓഫ് ഫയർ ആൻഡ് ഡ്രീമിങ്, നീല തുടങ്ങി ഇരുപതിലധികം കൃതികൾ. ഡച്ച്, ഹീബ്രൂ, റഷ്യൻ, ജാപ്പനീസ്, ബംഗാളി എന്നിവ ഉൾപ്പെടെ മുപ്പതോളം ഭാഷകളിൽ വിവർത്തനം ചെയ്യപ്പെട്ടു. അമേരിക്കൻ ബുക്ക്, ലൈറ്റ് ഓഫ് ഇന്ത്യ, പ്രീമിയോ സ്കാനോ, ബാർബറ ഡെന്നി എന്നീ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. 2015ൽ ഇക്കണോമിക് ടൈംസ് തയ്യാറാക്കിയ 20 ‘മോസ്റ്റ് ഇൻഫ്ലുവെൻഷ്യൽ ഗ്ലോബൽ ഇന്ത്യൻ വിമെൻ’ പട്ടികയിൽ ചിത്രയുടെ പേരും ഉണ്ട്.