എന്താണ് ഹിന്ദുമതം എന്നു ഹിന്ദുക്കള്‍ക്ക് പരിചയപ്പെടുത്തിക്കൊടുക്കുവാനുദ്ദേശിച്ചുകൊണ്ട് സ്വാമി പരമേശ്വരാനന്ദ സരസ്വതി രചിച്ച ഗ്രന്ഥമാണ് ഹിന്ദുധര്‍മ്മ പരിചയം. ജൂതമതം, ക്രിസ്തുമതം, ഇസ്ലാംമതം എന്നിവയെപ്പോലെ അത്ര എളുപ്പത്തില്‍ നിര്‍വ്വചിക്കുവാന്‍ സാധിക്കാത്ത ഒന്നാണ് ഹിന്ദുമതം അഥവാ സനാതന ധര്‍മ്മം. വിശ്വാസത്തിലും, അനുഷ്ഠാനത്തിലുമുള്ള ഐക്യരൂപ്യതയാണ് ഈ മതങ്ങള്‍ അനുശാസിക്കുന്നത്. ഒരു ദൈവം, ഒരു പ്രവാചകന്‍, ഒരു മതഗ്രന്ഥം എന്നതാണ് ഈ മതങ്ങളുടെ വിശ്വാസപ്രമാണം. എന്നാല്‍ ഹിന്ദുമതം “നാനാത്വത്തിലെ ഏകത്വം” എന്ന തത്വത്തിനലധിഷ്ഠിതവും അത്യന്തം വൈവിധ്യം നിറഞ്ഞതുമാണ്. ഹിന്ദുമതത്തില്‍ ദേവിദേവന്മാര്‍ അനേകമുണ്ട്. അവതാരങ്ങളും അസംഖ്യം തന്നെ. മതഗ്രന്ഥങ്ങളാണെങ്കില്‍ എണ്ണിത്തിട്ടപ്പെടുത്താനാവാത്ത അത്രയുമധികമുണ്ട്.
“ആകാശാത് പതിതംതോയം യഥാ ഗച്ഛതി സാഗരം സര്‍വ്വദേവ നമസ്കാരം കേശവം പ്രതി ഗച്ഛതി” (ആകാശത്തില്‍ നിന്നു പതിക്കുന്ന മഴവെള്ളം എപ്രകാരമാണോ പല പല നദികളിലൂടെ ഒഴുകി സമുദ്രത്തിലെത്തി ഒന്നായിത്തീരുന്നത് അതുപോലെതന്നെ എല്ലാ ദേവന്മാര്‍ക്കുള്ള ആരാധനയും കേശവനില്‍ തന്നെ എത്തിച്ചേരുന്നു) എന്നും “ഏകം സത് വിപ്രാ ബഹുധാ വദന്തി ഇന്ദ്രം യമം മാതരിശ്വാനമാഹുഃ” (സത്യം ഒന്നേയുള്ളൂ. ജ്ഞാനികള്‍ അതിനെ ഇന്ദ്രന്‍, യമന്‍, മാതരിശ്വാന്‍ എന്നിങ്ങനെ പല പേരുകള്‍ വിളിക്കുന്നു) എന്നുമുള്ള വൈദികമന്ത്രങ്ങള്‍ ഈ വൈവിധ്യമാണ് നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. അനേകം വ്യത്യസ്ത തരത്തിലുള്ള പുഷ്പങ്ങള്‍ ചേര്‍ത്തുണ്ടാക്കിയ ഒരു പൂച്ചെണ്ട് എത്രമാത്രം മനോഹരമായിരിക്കുമോ അതുപോലെയാണ് ഹിന്ദുമതത്തിന്റെ ആത്മീയമായ സൗന്ദര്യം. അദ്വൈതിയും, ദ്വൈതിയും, വിശിഷ്ടാദ്വൈതിയും, ശാക്തേയനും, ശൈവനും, വൈഷ്ണവനും, ദണ്ഡിസന്യാസിയും, ബൈരാഗിയും, അവധൂതനും, ജ്ഞാനിയും, ഭക്തനും, യോഗിയും, കര്‍മ്മഠനുമെല്ലാമെല്ലാം ഒരുപോലെ ഈ മതത്തിന്റെ അനുയായികളാണെന്നതുതന്നെ ഇതിന്റെ ഏറ്റവും വലിയ സവിശേഷതയായി കണക്കാക്കാം. ഇത്രയും വൈവിധ്യം നിറഞ്ഞതായ ഹിന്ദുമതത്തെ സാധാരണക്കാര്‍ക്കു മനസ്സിലാവുന്നവിധത്തില്‍ വ്യാഖ്യാനിക്കുക എന്ന അത്യന്തം ദുഷ്കരമായ കൃത്യം വളരെ ഭംഗിയായി ഗ്രന്ഥകര്‍ത്താവ് നിര്‍വ്വഹിച്ചിട്ടുണ്ടെന്ന് നമുക്ക് നിസ്സംശയം പറയാന്‍ സാധിക്കും.